പ്രവാസി അക്കൗണ്ടുകളെ അടുത്തറിയാം
പ്രവാസികൾക്ക് നിലവിൽ മൂന്ന് തരം ബാങ്ക് അക്കൗണ്ടുകളിൽ ഇടപാടുകൾ സാധ്യമാണ്. ഈ മൂന്ന് അക്കൗണ്ടുകളെ കുറിച്ചും അടിസ്ഥാന പരമായ അറിവ് നേടിയ ശേഷം അനുയോജ്യമായ വിധത്തിൽ ഓരോന്നും വിനിയോഗിക്കുകയാണ് വേണ്ടത്. റിയൽ എസ്റ്റേറ്റ്, ബോണ്ടുകൾ, ഷെയറുകൾ, മ്യൂച്ചൽ ഫണ്ടുകൾ എന്നിവയിൽ വിദേശ ഇന്ത്യക്കാരന് നിക്ഷേപ സാധ്യതകളുണ്ട്. പക്ഷെ ഇത് ചില മാനദണ്ഡങ്ങൾ അനുസരിച്ചാണെന്ന് മാത്രം.
ആരാണ് NRI
നോൺ റസിഡന്റ് ഇന്ത്യൻ, അഥവാ പ്രവാസി ആര് എന്നതിനുള്ള നിർവ്വചനം ആദായ നികുതി വകുപ്പ് നൽകുന്നില്ല, മറിച്ച് റസിഡന്റ് ഇന്ത്യൻ ആരെന്നാണ് വിവരിക്കുന്നത്. ഒരു സാമ്പത്തിക വർഷം ഏറ്റവും കുറഞ്ഞത് 182 ദിവസം ഇന്ത്യയിൽ ജീവിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ റസിഡന്റ് ഇന്ത്യക്കാരനാണ്. ജോലിക്കോ ബിസിനെസ്സിനോ പഠനത്തിനോ ഒക്കെയായി വിദേശത്തായിരുന്ന ഒരാൾക്ക് 182 ദിവസം ഇന്ത്യയിൽ ചിലവഴിക്കാനായില്ലെങ്കിൽ അയാൾ NRI ആണ്.
1 – NRO അക്കൗണ്ട്
ഒരു പ്രവാസിക്ക് ഇന്ത്യയിൽ നിന്നുള്ള വരുമാനം സ്വീകരിക്കാൻ കഴിയുക NRO അക്കൗണ്ടിലൂടെ മാത്രമാണ്. നിലവിലുള്ള സേവിങ്സ് അക്കൗണ്ട് ഒരു NRO അക്കൗണ്ട് ആയി മാറ്റാനും പറ്റും. NRI സ്റ്റാറ്റസ്സിലായിരിക്കെ നിയമപരമായി ഡൊമസ്റ്റിക് അക്കൗണ്ടുകൾ തുടരാനാകില്ല. എത്രെയും പെട്ടെന്ന് തുടരാനാഗ്രഹിക്കുന്ന ബാങ്കിലെ അക്കൗണ്ട് മാറ്റുകയും ആവശ്യമില്ലാത്തവ ക്ലോസ് ചെയ്യുവാനും ബാങ്കിന് നിർദേശം നൽകുക.
സാധാരണ സേവിങ്സ് അക്കൗണ്ടിനും ഫിക്സഡ് ഡെപോസിറ്റിനും കിട്ടുന്ന പലിശ തന്നെയാണ് NRO – നിക്ഷേപങ്ങൾക്കും ലഭിക്കുക. NRO അക്കൗണ്ടിലെ പലിശക്ക് 30 % നികുതി നൽകണം. Double Tax Avoidance Agreement ( DTAA ) വഴി ഇത് കുറക്കാൻ ഉള്ള അവസരമുണ്ട്. അതിനാൽ NRO അക്കൗണ്ട് തുടങ്ങുമ്പോൾ ടാക്സ് റസിഡന്റ് സർട്ടിഫിക്കറ്റും പാൻ നമ്പറും നൽകിയാൽ മതി.
2 – NRE അക്കൗണ്ട്
ഓരോ പ്രവാസിയും നിർബന്ധമായി തുടങ്ങേണ്ട അക്കൗണ്ടാണിത്. ലഭിക്കുന്ന പലിശക്ക് നികുതി ഇല്ലെന്നതാണ് ഏറ്റവും വലിയ ആകർഷണീയത. സേവിങ്സ് /കറന്റ് /ഫിക്സഡ്/ റെക്കറിംഗ് ഡെപ്പോസിറ്റുകൾ NRE സ്കീമിലും ആരംഭിക്കാം. പക്ഷെ ഫിക്സഡ് /റിക്കറിംഗ് ഡെപ്പോസിറ്റുകൾ ഒരു വർഷമെങ്കിലും പൂർത്തിയായാലേ പലിശ ലഭിക്കൂ. ഇന്ത്യയിൽ നിന്നുമുള്ള വരുമാനം ഈ അക്കൗണ്ടിൽ സ്വീകരിക്കാൻ പറ്റുന്നതല്ല. മറിച്ച് വിദേശത്ത് നിന്നുള്ള ഫോറിൻ റെമിറ്റൻസ്, ട്രാവലേഴ്‌സ് ചെക്ക്, ഫോറിൻ ചെക്ക്, ഫോറിൻ കറൻസി എന്നിവയെല്ലാം അനുവദിക്കും. വിദേശ കറൻസിയിൽ പണം ആവശ്യമായി വന്നാൽ ഈ അക്കൗണ്ടിലൂടെ പണം കൊണ്ട് പോകാം. ഈ അക്കൗണ്ടിലൂടെ ലോക്കൽ പേമെൻറ്സ് നടത്താനും മറ്റൊരു NRE അക്കൗണ്ടിലേക്ക് പണം അയക്കാനും ഓഹരിയിലോ അനുവദനീയമായ മറ്റ് നിക്ഷേപങ്ങൾ നടത്താനും യാതൊരു തടസ്സവുമില്ല.
NRO /NRE അക്കൗണ്ടുകൾ തുടങ്ങുമ്പോൾ തന്നെ ഡെബിറ്റ് കാർഡ് /ഇന്റർനെറ്റ് ബാങ്കിങ് സൗകര്യം കൂടി ലഭ്യമാക്കണം.
3 – FCNR അക്കൗണ്ട്
ഒരു പ്രവാസിക്ക് അനുവദിനീയമായ 6 വിദേശ കറൻസികളിൽ FCNR (FOREIGN CURRENCY NON RESIDENT) അക്കൗണ്ട് തുടങ്ങാൻ ആവും. പൗണ്ട്, അമേരിക്കൻ ഡോളർ, യൂറോ, യെൻ, കനേഡിയൻ ഡോളർ, ഓസ്‌ട്രേലിയൻ ഡോളർ എന്നിവയാണ് ഈ കറൻസികൾ. വിദേശത്തുനിന്നുള്ള റെമിറ്റൻസിലൂടെയോ വിദേശത്തു നിന്നു വന്നപ്പോൾ കൊണ്ട് വന്ന ഫോറിൻ കറൻസി, ട്രാവലേഴ്‌സ് ചെക്ക് എന്നിവ ഉപയോഗിച്ചോ അക്കൗണ്ട് തുടങ്ങാം. ബന്ധുക്കളെ ജോയിന്റ് ഹോൾഡർ ആക്കാമെങ്കിലും ജീവിച്ചിരിക്കുമ്പോൾ NRI ക്ക് മാത്രമേ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യാനാകൂ.
FCNR -ൽ ലഭിക്കുന്ന പലിശയും അതേ കറൻസിയിലാണ് ലഭിക്കുക. ഈ പലിശ നിരക്ക് വിവിധ കറൻസികളിൽ കാലാവധിക്കനുസരിച് വ്യത്യസ്തമാകും. ഓരോ മാസവും മാറുകയും ചെയ്യും. ബാങ്കിന്റെ വെബ്‌സൈറ്റിൽ നിന്ന് അതാത് സമയത്തെ പലിശ നിരക്കറിയാം. ഈ പലിശക്ക് ആദായ നികുതിയും നൽകേണ്ടതില്ല.
ഈ പണം എപ്പോൾ വേണമെങ്കിലും വിദേശത്തേക്ക് യാതൊരു നിഷ്കർഷവുമില്ലാതെ കൊണ്ട് പോകാനാകും.
വിദേശത്തു ഒരു ആവശ്യം വന്നാൽ ( വീട് വാങ്ങൽ, കുട്ടികളുടെ വിദ്യാഭ്യാസം, എന്തെങ്കിലും തരത്തിലുള്ള നിക്ഷേപം ) അമേരിക്കയിലുള്ള ആൾക്ക് ഡോളറിലും യുകെ -യിലുള്ളവർക്ക് പൗണ്ടിലുമാകും ആവശ്യം വരിക. ഇത്തരം സാഹചര്യത്തിൽ എക്സ്ചേഞ്ച് നിരക്കിലെ വ്യതിയാനം മൂലമുള്ള നഷ്ടം ഇല്ലാതാകുന്നു എന്നതാണ് FCNR അക്കൗണ്ടിന്റെ മെച്ചം.
മേൽ പറഞ്ഞ 3 തരം അകൗണ്ടുകളിലൂടെയും പ്രവാസികൾക് ഇടപാടുകൾ സാധ്യമാണ്. അടിസ്ഥാന പരമായ അറിവ് നേടിയ ശേഷം അനുയോജ്യമായ വിധത്തിൽ ഓരോന്നും വിനിയോഗിക്കുകയാണ് വേണ്ടത്.